ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ പോര്‍ച്ചുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസ്.
ലീഗില്‍ ബേണ്മത്തിന് എതിരായ എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പെനാല്‍റ്റിയിലൂടെ ആയിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-2നു സമനില വഴങ്ങി. 78-ാം മിനിറ്റില്‍ പ്രതിരോധതാരം ഹാരി മഗ്വെയര്‍ ചുവപ്പുകാര്‍ഡ് കണ്ടതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.
അസിസ്റ്റ് റിക്കാര്‍ഡ്
ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന ഡേവിഡ് ബെക്കാമിന്റെ (15 അസിസ്റ്റ്, 1999-00 സീസണ്) റിക്കാര്‍ഡ് മറികടന്ന ബ്രൂണോ ഫെര്‍ണാണ്ടസ്, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ചാന്‍സ് ക്രിയേറ്റ് ചെയ്യുന്ന താരം എന്ന നേട്ടവും സ്വന്തമാക്കി. ഈ സീസണ് പ്രീമിയര്‍ ലീഗില്‍ ഇതിനോടകം 101 ചാന്സുകള് ബ്രൂണോ ഫെര്‍ണാണ്ടസ് സൃഷ്ടിച്ചു. റയാന് ഗിഗ്സിന്റെ 29 മത്സരങ്ങളില്‍ 100 ചാന്‍സ് എന്ന ക്ലബ് റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു.
ഒരു ക്ലബ്ബിനായി വിവിധ കോമ്പറ്റീഷനുകളിലായി 100+ ഗോളും 100+ അസിസ്റ്റും അതിവേഗം നേടുന്ന റിക്കാര്‍ഡും ബ്രൂണോ സ്വന്തമാക്കി. അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയുടെ പേരിലുണ്ടായിരുന്ന (338 മത്സരങ്ങള്‍) റിക്കാര്‍ഡ് പഴങ്കഥയായി. 319 മത്സരങ്ങളിലാണ് ബ്രൂണോ ഈ നേട്ടത്തിലെത്തിയത്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (341) പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ലിവർപൂൾ വീണു
ബ്രൈറ്റൺ 2-1നു ലിവർപൂൾ എഫ്സിയെ തകർത്തു. ഡാനി വെൽബെക്കിന്റെ (16, 56) ഇരട്ടഗോളിലാണ് ബ്രൈറ്റണിന്റെ ജയം.
55 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 49 പോയിന്റുമായി ലിവർപൂൾ അഞ്ചാമതാണ്.